വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ഭാഗമായ ഭാഷ, സംസ്കാരം ശില്പശാല കോട്ടയം ബസേലിയോസ് കോളേജില്‍ നടന്നു. എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്, പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.പി ശ്രീ ശങ്കര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങായ കാവുമ്പായി ബാലകൃഷ്ണന്‍, ജോജി കൂട്ടുമ്മേല്‍, ഭാഷാ സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍ തുടങ്ങി നാല്പതോളം പേര്‍ പങ്കെടുത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വേണം മറ്റൊരു കേരളം എന്ന വികസന കാമ്പെയിനുമായി മുന്നോട്ടുപോകുകയാണു്. കേരളത്തിന്റെ തനിമയായ വികസനനേട്ടങ്ങള്‍ നമ്മള്‍പോലുമറിയാതെ കൈമോശം വന്നുപോകുന്ന ദയനീയ സ്ഥിതി സംജാതമായിരിക്കുന്നു.
ഭാഷയില്‍ , സംസ്കാരത്തില്‍, ജീവിത ശൈലിയില്‍ , ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ ഗുണകരമല്ലാത്ത ഒരു തിരിച്ചുപോക്കു് സംഭവിക്കുന്നു. ഇതിന്റെ ആക്കം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണു്. കേരളത്തെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ പോറലേല്‍പ്പിക്കുന്ന ഇന്നത്തെ വികസന ദിശാബോധത്തെ പുതിയ ക്രിയാത്മകമായ ദിശയിലേക്കു് തിരിച്ചുവിടുന്നതിനും നമ്മുടെ മൂല്യങ്ങളില്‍ കൂടുതല്‍ ഊന്നുന്നതിനും. അവയെ ശാശ്വതമായി ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതിനുമാണു് കാമ്പെയിന്‍ ലക്ഷ്യംവയ്ക്കുന്നതു്. ഇക്കാര്യങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിനായി മൂന്നു കലാജാഥകള്‍ കേരളത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണു്.
ഇതില്‍ മധ്യമേഖലാജാഥ 2011 ഡിസംബര്‍ 14-ആം തീയ്യതി രാവിലെ 11 മണിയ്ക്കു് വാഴൂര്‍ തീര്‍ത്ഥപാതപുരം എന്‍.എസ്സ്.എസ്സ് ഹൈസ്ക്കൂള്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്നു. ഈ ജാഥയെ വരവേല്‍ക്കുന്നതിനും വിജയിപ്പിക്കുന്നതിനുമായി താങ്കളുടെ സാനിധ്യവും സഹകരണവും ഉണ്ടാകണമെന്നു് താല്പര്യപ്പെടുന്നു.
സ്നേനഹപൂര്‍വ്വം
സംഘാടക സമിതിയ്ക്കു് വേണ്ടി
1 ജി.മുരളീധരമേനോന്‍ (പ്രസിഡന്റ് -കെ.എസ്സ്.എസ്സ്.പി വാഴൂര്‍ മേഖല)
2 ടി.ജെ ജോസഫ് (സെക്രട്ടറി- കെ.എസ്സ്.എസ്സ്.പി വാഴൂര്‍ മേഖല)
3 ശ്യാമളാ ടി.നായര്‍ (ചെയര്‍ പേഴ്സണ്‍ -സംഘാടക സമിതി)
4 വി.ബിനു (കണ്‍വീനര്‍ -സംഘാടക സമിതി)
Posted in Uncategorized | Leave a Comment »
വേണം മറ്റൊരു കേരളം വികസന ക്യാമ്പെയിന്‍ കോട്ടയം ജില്ലാതല ഉദ്ഘാടനം ശ്രീമതി. പി.കെ.മേദിനി നിര്‍വഹിച്ചു. വൈക്കത്ത് വച്ചുനടന്ന ഉദ്ഘാടന ചടങ്ങില്‍ ശ്രീ. ടി.എന്‍ രമേശന്‍, ശ്രീ. ടി.പി ശ്രീ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
വേണം മറ്റൊരു കേരളം വികസന ക്യാമ്പെയിന്‍
Posted in Uncategorized | Leave a Comment »
മേയ് 15ആം തീയതി വാഴൂര്‍ മേഖലയിലെ കൂരോപ്പടയില്‍ വച്ച് ബാലവേദി ജില്ലാ ശില്പശാല നടന്നു. 25 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. മേഖല സെക്രട്ടറി ബാലാജി സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. ഡോ. എം ജി ഗോപാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത അമല്‍, ചിക്കു എന്നീ കൂട്ടുകാര്‍ക്ക് സമ്മാനം നല്കി അനുമോദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. വിദ്യാഭ്യാസ സബ്കമ്മററി കണ്‍വീനര്‍ ജോര്‍ജ് ജോസഫ്, അംബരീഷ് , ചിക്കു എന്നിവര് അവലോകനം നടത്തി സംസാരിച്ചു.
Posted in Uncategorized | Leave a Comment »
കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷയ ഗ്രൂപ്പ് ശില്പശാല സംഘടിപ്പിച്ചു. മേയ് 8 ം തീയതി കോട്ടയം മോഡല്‍ ഹയര്‍ സെക്കന്ഡറി സ്കൂളില്‍ വച്ച് നടന്ന പരിപാടി ജനറല്‍ സെക്ര ട്ടറി ടി പി ശ്രീശങ്കര്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജോജി കൂട്ടുമ്മേല്‍ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി കെ രാജന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസം, പരിസരം, ആരോഗ്യം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില് ഗ്രൂപ്പ് ചര്‍ച്ച നടത്തി പരിപാടികള്‍ക്ക് രൂപം നല്കി.
Posted in Uncategorized | Leave a Comment »
മെയ് 7-ആം തീയതി വെള്ളൂര് കെ എം ഹൈസ്കൂളില്‍ വച്ച് HS UP കുട്ടികള്‍ക്കായി അവധിക്കാല പഠനോത്സവം സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എം വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിററ് പ്രസിഡന്റ് വി എന്‍ മണിയപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി എസ് മധു ആമുഖവും അരുണ്‍ കൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ കാഞ്ചനകുമാരി, ടി വി രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പത്താം ക്ലാസ്സ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ വൈശാഖിനെ അനുമോദിച്ചു, പുസ്തകങ്ങള്‍ സമ്മാനമായി നല്കി. രസതന്ത്രത്തേയും മലയാളത്തേയും അടിസ്ഥാനമാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയില്‍ 43 കുട്ടികളും 10 പ്രവര്‍ത്തകരും പങ്കെടുത്തു.
Posted in Uncategorized | Leave a Comment »
ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടത് അങ്ങേയറ്റം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണ്. മരണപ്പെട്ടവരുടെ ബന്ധുജനങ്ങളുടെ ദുഃഖത്തില്‍ കേരളശാസ്ത്രസാഹിത്യ പരിഷത്തും പങ്ക് ചേരുന്നു. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ദുരന്തം നാം ക്ഷണിച്ചുവരുത്തിയതാണ്. ഇതാദ്യമായല്ല ശബരിമലയില്‍ ഇത്തരം കൂട്ട മരണങ്ങള് അരങ്ങേറുന്നത്. മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന പ്രകാശം മനുഷ്യനിര്‍മ്മിതമാണ് എന്ന് ഇന്ന് എല്ലാവരും തുറന്ന് സമ്മതിക്കുന്ന കാര്യമാണ്. എല്ലാവര്ക്കും അറിയാവുന്ന ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി മാത്രം മറച്ചുവയ്ക്കുകയും ദിവ്യജ്യോതിസ്സ് തെളിയുന്നുവെന്ന് പ്രചരണം നടത്തി വനാന്തര്‍ ഭാഗത്തുള്ള ക്ഷേത്രത്തിലേക്ക് കോടിക്കണക്കിന് നിഷ്ക്കളങ്കരായ ഭക്തരെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം ശാസ്ത്രബോധമുള്ള ഒരു പരിഷ്കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ നോക്കിയാല്‍ വ്യാജ പ്രചരണങ്ങളിലൂടെ ഒരു കാനനപ്രദേശത്തിന് ഉള്‍ക്കൊള്ളാവുന്നതിലുമധികം ജനങ്ങളെ അവിടേയ്ക്ക് എത്തിച്ച ദേവസ്വം ബോര്‍ഡിനും അതിന് എല്ലാ അനുമതിയും പിന്തുണയും നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ ഈ കൂട്ടക്കൊലയില്‍ പങ്കുണ്ട്. ജനങ്ങളോട് സത്യം തുറന്നുപറയുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. അതോടൊപ്പം ഇടത്താവളങ്ങള്‍ ശക്തിപ്പെടുത്തി ജനപ്രവാഹത്തെ നിയന്ത്രിക്കുകയും വേണം. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തത് മൂലം വനഭൂമിയില്‍ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതിരുന്നതും കാനനപ്പാതകള്‍ ആവശ്യാനുസരണം വികസിപ്പിക്കാതിരുന്നതുമാണ് അപകടകാരണങ്ങളെന്ന വാദം മറ്റൊരപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശബരിമലയില്‍ അവശേഷിക്കുന്ന കാട് കൂടി വെട്ടിമാറ്റി അവിടെ റോഡും ഫ്‌ളാറ്റും മണിമന്ദിരങ്ങളും നിര്‍മ്മിക്കാന്‍ ‘പുത്തന്‍ വികസനക്കാര്‍’ കാത്തുകെട്ടി നില്‍ക്കുന്നുണ്ട്. ഏത് രീതിയില്‍ നോക്കിയാലും വളരെയേറെ പ്രാധാന്യമുള്ള ഈ വനപ്രദേശം ഇപ്പോള്‍ത്തന്നെ വേണ്ടതിലേറെ കയ്യേറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആഗോളതപനവും കാലാവസ്ഥാ വ്യതിയാനവും മറ്റും സാധാരണക്കാര്‍ പോലും ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു ദുരന്തത്തിന്റെ മറപിടിച്ച് ഇനിയും കാടു വെട്ടലിന് അവസരമൊരുക്കരുതെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.
Posted in Uncategorized | Leave a Comment »






